മിഷന്‍ കോണ്‍ഗ്രസ്സും ബിസിസി സംഗമവും
ഒക്ടോബര്‍ 6,7,8, 2017,  വല്ലാർപാടം

മിഷന്‍ കോണ്‍ഗ്രസ്സ് എന്നത് പ്രേഷിതസംഗമമാണ്. പ്രേഷിതപ്രവര്‍ത്തനം കൊണ്ടര്‍ത്ഥമാക്കുന്നത് സുവിശേഷ പ്രഘോഷണദൗത്യത്തെയാണ്. ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും സുവിശേഷപ്രഘോഷണമെന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നവരാണ്. സുവിശേഷപ്രഘോഷണമെന്നത് ദൂരദേശത്തുപോയി ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുക എന്നതും ജീവിക്കുന്ന ചുറ്റുപാടുകളില്‍ അവിടുത്തെ സാക്ഷ്യപ്പെടുത്തുക എന്നതുമാണ്. സംവാദത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും സാക്ഷ്യത്തിലൂടെയും ക്രിസ്തുനാഥനെ പ്രഘോഷിക്കുക എന്നത് ഏറെ പ്രസക്തമായതും കാലികമായതുമായ സുവിശേഷപ്രഘോഷണരീതിയാണ്. മിഷന്‍ കോണ്‍ഗ്രസ്സ് ഇപ്രകാരം ജ്ഞാനസ്നാനം സ്വീകരിച്ച് സഭയിലെ അംഗങ്ങളായ എല്ലാവരെയും സുവിശേഷപ്രഘോഷകരാന്‍ പ്രചോദിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ സാര്‍വത്രിക സഭയിലെ മെത്രാډാരും വൈദികരും സന്യസ്ഥരും അല്മായരും വ്യത്യസ്തതലങ്ങളില്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്. ആഗോളസഭയില്‍ സുവിശേഷത്തോടാഭിമുഖ്യം സൃഷ്ടിക്കുവാന്‍ മിഷന്‍ കോണ്‍ഗ്രസ്സും വിശുദ്ധകുര്‍ബാനയോടു താല്പര്യം ജനിപ്പിക്കുവാന്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ്സും നടത്താറുണ്ട്. കേരള ലത്തീന്‍ സഭ വിശ്വാസികളില്‍ പ്രേഷിതപ്രവര്‍ത്തനങ്ങളോടാഭിമുഖ്യമുള്ളവരാകുവാനും ക്രിസ്തുനാഥന്‍ ഭരമേല്പ്പിച്ച സുവിശേഷപ്രഘോണധര്‍മ്മം ധീരതയോടെ ഏറ്റെടുക്കുവാനും സഹായിക്കുന്ന രീതിയില്‍ ഒരു മിഷന്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നു.

മിഷന്‍ കോണ്‍ഗ്രസ്സിനോടൊപ്പം നടക്കുന്ന മറ്റൊരു പ്രധാനകാര്യമാണ് ബിസിസി കണ്‍വെന്‍ഷന്‍ കേരള ലത്തീന്‍ സഭയെ ഒരേ വീക്ഷണവും സംവിധാനവുമുള്ള പങ്കാളിത്തസഭയാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ പ്രവര്‍ത്തനങ്ങളും സഭയുടെ അടിസ്ഥാനഘടകമായ ബിസിസികളില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സഭയിലെ എല്ലാ ശുശ്രൂഷപ്രവര്‍ത്തനങ്ങളും ആറു ശുശ്രൂഷമേഖലകളായി തിരിച്ചുകൊണ്ട് ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ആറു ശുശ്രൂഷകളും ബിസിസികളില്‍ ഏകോപിപ്പിക്കപ്പെട്ടുകൊണ്ട് ബിസിസികള്‍ ശക്തമാക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സഭയുടെ ചെറുപതിപ്പുകളായ കുടുംബയൂണിറ്റ് അഥവാ ബിസിസികളിലൂടെ അല്മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം കൈവരുന്നു. ബിസിസികളില്‍ നിന്നും ശുശ്രൂഷാസമിതികളില്‍ നിന്നും രൂപപ്പെടുന്ന പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലുകളും ഇടവക ധനകാര്യസമിതികളും അല്മായരുടെ ഉത്തരവാദിത്വനിര്‍വഹണത്തിനു കൂടുതല്‍ വേദികളും സാധ്യതകളുമൊരുക്കുന്നു.
പ്രേഷിതചൈതന്യവും പങ്കാളിത്തസംവിധാനവുമുള്ള ലത്തീന്‍ സഭയെ രൂപീകരിക്കുക എന്നതാണ് മിഷന്‍ കോണ്‍ഗ്രസ്സിന്‍റെയും ബിസിസി കണ്‍വെന്‍ഷന്‍റെയും ലക്ഷ്യം. മൂന്നു ഘട്ടങ്ങളിലായി നടന്നുവരുന്ന ഒരുക്കപരിപാടികള്‍ അതിന്‍റെ പരമകാഷ്ഠയിലെത്തുമ്പോള്‍ 4500 പ്രതിനിധികളാണ് മിഷന്‍ കോണ്‍ഗ്രസ്സിലും ബിസിസി കണ്‍വെന്‍ഷനിലുമായി പങ്കെടുക്കുന്നത്. പ്രതിനിധികള്‍ രൂപതകളില്‍ താമസിച്ചുകൊണ്ട് പ്രേഷിതചൈതന്യം പങ്കുവയ്ക്കാനും പരസ്പരം പരിചയപ്പെടാനും അവസരമൊരുക്കുന്നു. അതോടൊപ്പംതന്നെ വരുന്ന 10 വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളും ഇവിടെ അവതരിപ്പിക്കുന്നു. അത് കേരള ലത്തീന്‍ സഭയില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ദിശാബോധമേകുന്നു. കേരള ലത്തീന്‍ സഭയിലെ എല്ലാവരുടെയും സജീവപങ്കാളിത്തത്തോടെ നടക്കുന്ന ഈ സംഗമം കേരള ലത്തീന്‍ സഭയുടെ ചരിത്രത്തില്‍ വലിയ ഒരു നാഴികക്കല്ലായിരിക്കും. വല്ലാര്‍പാടത്ത് നടക്കുന്ന ഈ സംഗമത്തില്‍ 12 ലത്തീന്‍ രൂപതകളെയും മാതാവിന്‍റെ വിമലഹൃദയത്തിന് പ്രത്യേകമാംവിധം പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്നു. 12 ലത്തീന്‍ രൂപതകളും തെരഞ്ഞെടുക്കപ്പെട്ട 12 മിഷന്‍ രൂപതകളെ പരസ്പരപ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനകളായും സന്ദര്‍ശനങ്ങളാലും ബന്ധിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ‘മിഷന്‍ ലിങ്ക്’ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്.

More Videos: CLICK HERE